ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം രാജ്യമൊട്ടാകെ ആഘോഷിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധമന്ത്രി എ. കെ. ആന്റണി, വിവിധ സേനാമേധാവികള്‍ എന്നിവര്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങില്‍ പങ്കെടുത്തു. പത്യേകം അലങ്കരിച്ച വേദിയില്‍ നടന്ന ചടങ്ങില്‍ വിശിഷ്ട സേവാമെഡലുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു.
തുടര്‍ന്ന് നടന്ന പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ പങ്കെടുത്തു. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദേശീയ പതാക ഉയര്‍ത്തി. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കും പത്‌നിയുമായിരുന്നു ഇത്തവണത്തെ മുഖ്യാതിഥി.
രാജ്യസുരക്ഷയുടെ ഭാഗമായി പ്രധാന അതിര്‍ത്തികള്‍ നേരത്തെ അടച്ചു. 18,000 അര്‍ധസൈനികരെയാണ് സുരക്ഷയ്ക്കായി ദേശീയ തലസ്ഥാനത്ത് മാത്രം വിന്യസിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസാംസ്‌കാരിക-ദൃശ്യങ്ങളും പരേഡിനെ വര്‍ണ്ണാഭമാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് പരേഡിനെ അഭിവാദ്യം ചെയ്തു.
സംസ്ഥാനത്ത് വളര്‍ന്നുവരുന്ന തീവ്രവാദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ ഉത്കണ്്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. തീരദേശങ്ങളിലും പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡുകള്‍ നടന്നു. വകുപ്പുമന്ത്രിമാര്‍ പരേഡിനെ അഭിവാദ്യം ചെയ്തു.