ഭുവനേശ്വര്‍: ഒറീസയിലെ കണ്ഡമാലില്‍ വര്‍ഗീയ കലാപത്തിനിടെ കന്യാസ്ത്രീ മാനഭംഗത്തിനിരയായ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. കണ്ഡമാല്‍ ജില്ലയിലെ ധരംപുരിലെ ഗുരുരാം പത്രയെയാണ് പോലീസ് ഞായറാഴ്ച വൈകീട്ട് അറസ്റ്റുചെയ്തത്.
കെ. നൗഗോണ്‍ വില്ലേജില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് 24നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗുരുരാം പത്രയുടെ നേതൃത്വത്തില്‍ അക്രമികള്‍ കന്യാസ്ത്രീമഠം അക്രമിക്കുകയായിരുന്നു.
ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 19 ആയി. 11 പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥന്‍ ബി.കെ. മൊഹന്തി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
വിശ്വഹിന്ദു പരിഷദ് നേതാവ് സ്വാമി ലഷ്മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയതിനെതുടര്‍ന്നാണ് കണ്ഡമാലില്‍ കലാപം അരങ്ങേറിയത്. കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണമക്കിന് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നാടുവിടേണ്ടിയും വന്നിരുന്നു.