ലണ്ടന്‍: പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട ടൈഗര്‍വുഡ്‌സിന് പ്രധാന സ്‌പോണ്‍സറെയും നഷ്ടപ്പെട്ടു. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ അതികായകരായ അക്‌സ്ഞ്ച്വറാണ് വുഡ്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നും പിന്‍മാറിയത്. നേരത്തെ ഗില്ലറ്റിനും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറിയിരുന്നു. താന്‍ ഭാര്യയെയും മക്കളെയും ആരാധകരെയും വഞ്ചിച്ചുവെന്ന് വെളിപ്പെടുത്തിയ വുഡ്‌സ് സംഭവത്തില്‍ മാപ്പുചോദിച്ചതോടെയാണ് പരസ്യമേഖലയ്ക്ക് അദ്ദേഹം അനഭിമതനായത്. കഴിഞ്ഞ മാസം വീട്ടുമുറ്റത്തുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നുണ്ടായ അന്വേഷണങ്ങളാണ് അദ്ദേഹത്തിന്റെ പരസ്ത്രീബന്ധം പുറത്തുകൊണ്ടുവന്നത്. ലോകത്തേറ്റവും കൂടുതല്‍ പരസ്യവരുമാനം നേടുന്ന താരങ്ങളിലൊരാളായ വുഡ്‌സിന്റെ തീരുമാനം കായിക രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. താനുമായി കരാറിലുള്ള ഓരോ സ്‌പോണ്‍സര്‍മാര്‍ക്കും കരാര്‍ തുടരുന്നത് സംബന്ധിച്ച ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നും വുഡ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.