ലണ്ടന്‍: മതിയായ രേഖകളില്‍ളാതെ 2012ലെ ഒളിംപിക് ഗെയിംസ് വേദിയില്‍ ജോലി ചെയ്തിരുന്ന ൩൨ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 93 പേരെ ബ്രിട്ടീഷ് ബോര്‍ഡര്‍ ഏജന്‍സി അറസ്റ്റു ചെയ്തു. ഇവരില്‍ 41 പേര്‍ വ്യാജരേഖകള്‍ ഹാജരാക്കി ജോലി നേടിയവരാണ്. ഒളിംപിക് ഗെയിംസ് സംഘാടകര്‍ കുറഞ്ഞ വേതനത്തിന് ആളുകളെ ജോലിക്കു നിയോഗിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് അറസ്റ്റ്. തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിതരാകാതിരിക്കാനും കരാറുകാര്‍ ജോലിക്കു നിയോഗിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും ഒളിംപിക് വേദിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബോര്‍ഡര്‍ ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ ടോമി സ്മിത്ത് അറിയിച്ചു.
ന്യൂഡല്‍ഹി: പി.ഡി.പിയുമായി തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ബന്ധം തെറ്റായിപ്പോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.കെ.പാന്ഥെ പറഞ്ഞു.
പി.ഡി.പി നേതാക്കളോടൊപ്പം വേദി പങ്കിട്ടത് ശരിയായില്ല. ഭാവിയില്‍ പി.ഡി.പിയുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമുണ്ടാകില്ല. ഇതിനുള്ള നടപടികളെടുത്തുകഴിഞ്ഞു-പാന്ഥേ പറഞ്ഞു.
അതേസമയം പി.ഡി.പിയോ മറ്റ് സംഘടനകളോ ഭീകരവാദികളെ സംരക്ഷിക്കുന്നുണ്ടെന്ന് തെളിഞ്ഞാല്‍ സി.പി.എം അതിനെ എതിര്‍ക്കുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ കോട്ടയത്ത് പറഞ്ഞു. സി.പി.എം, പി.ഡി.പിയുമായി വേദി പങ്കിട്ടിട്ടില്ല. ഏതെങ്കിലും വേദിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളെ ഒരുമിച്ചുകണ്ടാല്‍ അതിനെ വേദി പങ്കിട്ടതായി വ്യാഖ്യാനിക്കേണ്ടതില്ല.
പുതിയ സാഹചര്യങ്ങളെ നേരിടാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് ഗുരുദാസന്‍ പറഞ്ഞു.
പനാജി: ഗോവയില്‍ റഷ്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തുവെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയനേതാവ് ജോണ്‍ ഫെര്‍ണാണ്ടസിനെ പോലീസിന് ഇനിയും കണ്ടെത്താനായില്ല. ജോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്‌ച തള്ളിയിരുന്നു.
ചൊവ്വാഴ്‌ച ജോണിന്റെ വീട്ടില്‍ ചെന്നുവെങ്കിലും അയാള്‍ അവിടെയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ജോണിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ചിന്റെ കൈവശമായതിനാല്‍ ഇയാള്‍ക്ക് രാജ്യംവിട്ട് പോകാനാകില്ലെന്നാണ് പോലീസിന്റെ വിശ്വാസം. കേസന്വേഷണത്തിലെ പോലീസിന്റെ മെല്ലെപ്പോക്കില്‍ വിമര്‍ശനമുയരുന്നുണ്ട്.
ഇരുപത്തിയഞ്ചുകാരിയായ റഷ്യക്കാരിയെ ജോണ്‍ ഡിസംബര്‍ ഒന്നിന് കോള്‍വ ബീച്ചില്‍ ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്.
തങ്ങളുടെ പൗരന്മാര്‍ക്കെതിരെ ഗോവയില്‍ അതിക്രമം കൂടിവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മുംബൈയിലെ റഷ്യന്‍ കൗണ്‍സല്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് കത്തയച്ചു.
ഗോവയിലേക്കുള്ള റഷ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരുംതോറും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ധിക്കുകയാണെന്ന് കൗണ്‍സല്‍ ജനറല്‍ അലക്‌സാണ്ടര്‍ മല്‍ട്യട്‌സ്‌കി ചൂണ്ടിക്കാട്ടി.
രാത്രി പത്തുമണിക്കുശേഷം പുറത്തിറങ്ങുന്നതാണ് സുരക്ഷാ പ്രശ്‌നമെങ്കില്‍ പൗരന്മാരെ അതില്‍നിന്ന് വിലക്കാമെന്നും അലക്‌സാണ്ടര്‍ അറിയിച്ചു.
ബലാത്സംഗത്തിനിരയായ റഷ്യന്‍ പെണ്‍കുട്ടി രാത്രി വൈകി പുരുഷന്മാര്‍ക്കൊപ്പം പുറത്തുപോയതിനെ ദിഗംബര്‍ കാമത്ത് വിമര്‍ശിച്ചിരുന്നു.